സ്പന്ദനം

2010, ജൂലൈ 11, ഞായറാഴ്‌ച

ഫുട്ബോള്‍ ലോകകപ്പ് - ഒരു തിരിഞ്ഞുനോട്ടം

ഫുട്ബോളിന്റെ ആദ്യ അന്താരാഷ്ട്രമത്സരം നടന്നത്, ഗ്ലാസ്ഗോയില്‍വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലാണ്ടും 
തമ്മില്‍ 1872ലായിരുന്നു.  അക്കാലത്ത്, ബ്രിട്ടന് വെളിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ തന്നെ അപൂര്‍വമായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും  ആരാധകരുള്ള ഈ കായിക വിഭാഗത്തിന്റെ  പ്രശസ്തിക്കും, ഉന്നതിക്കും വേണ്ടി 1900ലും 1904ലും സമ്മര്‍ ഒളിമ്പിക്സുകളില്‍ ഇതൊരു പ്രദര്‍ശന മത്സരം എന്ന രിതിയില്‍ സംഘടിപ്പിക്കുകയുണ്ടായി.  അതിനുശേഷം 1904ല്‍ ഫുട്ബോള്‍ ഭരണ സംഘടനയായ 'ഫിഫ (FIFA)' നിലവില്‍വന്നു.  1908ല്‍ ലണ്ടനില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ ഫുട്ബോള്‍ ഔദ്യോഗിഗ മത്സരയിനമായി, അമേച്വര്‍ താരങ്ങള്‍ മാത്രം മത്സരിക്കുന്ന വിധത്തില്‍  ആരംഭിച്ചു.   അതില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ചു മത്സരിച്ച ഇംഗ്ലീഷ് ഫുട്ബോള്‍ ടീം ഒളിമ്പിക്സിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണമെഡലിനര്‍ഹരായി. 

വെറും അമേച്വര്‍ താരങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ  മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി,  1909ല്‍ ടൂറിനില്‍ വച്ച്, 'സര്‍ തോമസ്‌ ലിംപ്ടണ്‍ ട്രോഫി'ക്കു വേണ്ടി തികച്ചും പ്രൊഫഷനല്‍  താരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച ക്ലബ്ബുകളുടെ ഒരു അന്തര്‍ദേശീയ ടൂര്‍ണമെന്റ്  നടത്തുകയുണ്ടായി.  'ഫിഫ' 1914ല്‍, ഒളിമ്പിക്സ് ഫുട്ബോള്‍ മത്സരങ്ങളെ ലോക രാജ്യങ്ങളുടെ അമേച്വര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായി  ഔദ്യോഗിഗമായി അംഗീകരിച്ചു. ഇത്,  1920ലെ സമ്മര്‍ ഒളിമ്പിക്സില്‍   വിവിധ വന്‍കരകളിലെ പതിനാലു രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ടൂര്‍ണമെന്റായി മാറുന്നതിനു ചവിട്ടുപടിയായി. ബെല്‍ജിയം ആദ്യ ജേതാക്കളായി. പിന്നീട് ഇതേവിധത്തില്‍, 1924ലും, 1928ലും നടന്ന രണ്ട് ഒളിമ്പിക്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍  ജേതാക്കളായി ഉറുഗ്വെ കരുത്തു തെളിയിച്ചു.

ഒളിമ്പിക്സിലെ തകര്‍പ്പന്‍ തുടക്കം, ഫിഫയെ കൂടുതല്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചു.  ഫിഫ പ്രസിഡന്റ്‌  യൂള്‍റിമെയുടെ അധ്യക്ഷതയില്‍ 1928ല്‍ ചേര്‍ന്ന ആംസ്റ്റര്‍ഡാം സമ്മേളനം, ഫിഫയുടെ നേതൃത്വത്തില്‍ ഒരു ഫുട്ബോള്‍ ലോകചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഒളിമ്പിക്സ് ജേതാക്കളായ ഉറുഗ്വേയുടെ സ്വാതന്ത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ അനുബന്ധിച്ച്, നൂറാംവാര്‍ഷികമായ 1930ല്‍  ഉറുഗ്വെയില്‍ വെച്ച് ആദ്യ ഫുട്ബോള്‍ ലോകകപ്പ് നടത്താന്‍ തീരുമാനമായി.  പക്ഷെ, ഇത്രദൂരം സമുദ്രം താണ്ടിയുള്ള യാത്ര അതികഠിനമാണെന്നുള്ള കാരണം പറഞ്ഞ്‌, മറ്റ് വന്‍കരകളില്‍ നിന്നുള്ള പല രാജ്യങ്ങളും (പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍), ലോകകപ്പ് നടക്കുന്നതിനു  രണ്ടുമാസം മുമ്പ്‌വരെ  ഇതില്‍  പങ്കെടുക്കാന്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല.   എങ്കിലും ഫിഫ പ്രസിഡന്റിന്റെ തുടരെയുള്ള  അഭ്യര്‍ത്ഥന മാനിച്ച്, യൂറോപ്പില്‍ നിന്നും നാല് രാജ്യങ്ങള്‍ (ബെല്‍ജിയം, ഫ്രാന്‍സ്, റുമേനിയ, യൂഗോസ്ലാവിയ) ആദ്യ ടൂര്‍ണമെന്റില്‍  പങ്കെടുക്കാമെന്നു സമ്മതം മൂളി.  ആ നിലക്ക്, ലാറ്റിനമേരിക്കയില്‍നിന്ന് ആതിഥേയരാജ്യമടക്കം  ഏഴും,  യൂറോപ്പില്‍നിന്നു നാലും, അമേരിക്കന്‍ വന്‍കരയില്‍നിന്നു  രണ്ടും ടീമുകളടക്കം, മൊത്തം പതിമൂന്നു ടീമുകള്‍  മത്സരിച്ച  ആദ്യലോകകപ്പ്, 1930 ജൂലൈ 13ന് കിക്കോഫ്‌ ചെയ്തു.  ആദ്യജയങ്ങള്‍ ഫ്രാന്‍സും അമേരിക്കയും സ്വന്തമാക്കി.

ലോകകപ്പിലെ ആദ്യഗോള്‍ മെക്സിക്കോക്കെതിരെ
സ്വന്തം പേരില്‍ കുറിച്ചുകൊണ്ട്, ഫ്രാന്‍സിന്റെ  
ലൂസ്സിയന്‍  ലൌറെന്റ്റ് തന്‍റെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തു.   ‍    





മോണ്ടെവിഡിയോയില്‍ നടന്ന ത്രസിപ്പിക്കുന്ന ഫൈനലില്‍, ഒരു ലക്ഷത്തിനടുത്ത സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ,  അര്‍ജന്റീനയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത്  ഉറുഗ്വെ ലോകകപ്പിന്റെ ആദ്യ അവകാശികളായി.  

തുടര്‍ന്ന് 1934ലും 1938ലും യൂറോപ്പില്‍ വെച്ചുനടന്ന രണ്ടു ടൂര്‍ണമെന്റുകളിലും യാത്രാക്ലേശം മൂലം ലാറ്റിനമേരിക്കയില്‍ നിന്നും ബ്രസീലൊഴികെ മറ്റൊരു ടീമും പങ്കെടുക്കുകയുണ്ടായില്ല.  ഇറ്റലിയിലും ഫ്രാന്‍സിലും വെച്ചുനടന്ന രണ്ടു ചാമ്പ്യന്‍ഷിപ്പുകളിലും  വെന്നിക്കൊടി  പാറിച്ചുകൊണ്ട് ഇറ്റലി തങ്ങളുടെ വരവറിയിച്ചു.  അതിനുശേഷം  രണ്ടാം ലോക മഹായുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും  നിമിത്തം 1942ലും 1948ലും ഫുട്ബോള്‍ ലോകകപ്പ്  നടത്താന്‍  സാധിച്ചില്ല.  1950ല്‍  ബ്രസീലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍  ആതിഥേയരെ  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട്, ഉറുഗ്വെ ഒരിക്കല്‍കൂടി കിരീടധാരികളായി.  

ഇതുവരെ നടന്ന (2006ലെ ജര്‍മനി ലോകകപ്പ് വരെ) പതിനെട്ടു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍, വെറും  ഏഴ്  രാജ്യങ്ങള്‍ക്ക് മാത്രമേ കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടുള്ളൂ.  അതില്‍  അഞ്ചുവട്ടം ജേതാക്കളായി ബ്രസീല്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍, നാല് പ്രാവശ്യം ജേതാക്കളായി ഇറ്റലിയും, മൂന്നു പ്രാവശ്യം ജേതാക്കളായി ജര്‍മനിയും തൊട്ടുപിന്നില്‍ നില്‍ക്കുന്നു.  ആദ്യ വര്‍ഷത്തെ ചാമ്പ്യന്മാരായ ഉറുഗ്വെയും, മറ്റൊരു ലാറ്റിനമേരിക്കന്‍  ശക്തിയായ  അര്‍ജന്റീനയും രണ്ടുപ്രാവശ്യം വീതവും, 1966ലും 1998ലും സ്വന്തം രാജ്യത്തു നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ യഥാക്രമം ഇംഗ്ലണ്ടും, ഫ്രാന്‍സും ജേതാക്കളായി.  

ആദ്യ ലോകകപ്പില്‍ വെറും പതിമൂന്നു ടീമുകള്‍ മാത്രം മാറ്റുരച്ചപ്പോള്‍ അതിനുശേഷം, പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1982ല്‍ സ്പെയിനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തി.  പിന്നീട് 1998ല്‍‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പ് മുതല്‍, കൂടുതല്‍ രാജ്യങ്ങള്‍ക്കുകൂടി അവസരം കൊടുത്തുകൊണ്ട് മൊത്തം ടീമുകളുടെ എണ്ണം 32 ആക്കി ഉയര്‍ത്തി.  ടീമുകളുടെ പങ്കെടുക്കല്‍ സംബന്ധിച്ച് ക്വാളിഫിക്കേഷന്‍ റൌണ്ട്  ഏര്‍പ്പെടുത്തി.   2006ലെ ലോകകപ്പില്‍ പ്രാതിനിധ്യം  കുറിക്കുന്നതിന്  198 രാജ്യങ്ങള്‍ ക്വാളിഫിക്കേഷന്‍ റൌണ്ടുകളില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചപ്പോള്‍,  2010 ല്‍ അത്തരം ടീമുകളുടെ എണ്ണം 204 ആയി ഉയര്‍ന്നു.

ലോകജേതാക്കള്‍ ഇതുവരെ


1930 ഉറുഗ്വെ 


മൊത്തം ടീമുകള്‍: 13
വിജയികള്‍: ഉറുഗ്വെ
രണ്ടാം സ്ഥാനക്കാര്‍: അര്‍ജന്റീന
മൂന്നാം സ്ഥാനം: അമേരിക്ക
നാലാം സ്ഥാനം: യൂഗോസ്ലാവിയ
ആകെ അടിച്ച ഗോളുകള്‍: 70
സുവര്‍ണപാദുകം: ഗ്വിലെര്‍മോ സ്റ്റബീല്‍ (അര്‍ജന്റീന)  


1934 ഇറ്റലി

മൊത്തം ടീമുകള്‍: 16
വിജയികള്‍: ഇറ്റലി
രണ്ടാം സ്ഥാനക്കാര്‍: ചെക്കോസ്ലോവാക്യ 
മൂന്നാം സ്ഥാനം: ജര്‍മനി
നാലാം സ്ഥാനം: ഓസ്ട്രിയ 
ആകെ അടിച്ച ഗോളുകള്‍: 70
സുവര്‍ണപാദുകം: ഓള്‍ട്രിച് നെചെടലി (ചെക്ക്)  ‍



1938 ഫ്രാന്‍സ്

മൊത്തം ടീമുകള്‍: 15
വിജയികള്‍: ഇറ്റലി
രണ്ടാം സ്ഥാനക്കാര്‍: ഹംഗറി  
മൂന്നാം സ്ഥാനം: ബ്രസീല്‍
നാലാം സ്ഥാനം: സ്വീഡന്‍  
ആകെ അടിച്ച ഗോളുകള്‍: 84
സുവര്‍ണപാദുകം: ലിയോണിഡാസ് (ബ്രസീല്‍)   



1950 ബ്രസീല്‍

മൊത്തം ടീമുകള്‍: 13
വിജയികള്‍: ഉറുഗ്വെ
രണ്ടാം സ്ഥാനക്കാര്‍: ബ്രസീല്‍
മൂന്നാം സ്ഥാനം: സ്വീഡന്‍
നാലാം സ്ഥാനം: സ്പെയിന്‍  
ആകെ അടിച്ച ഗോളുകള്‍: 88
സുവര്‍ണപാദുകം: അദേമിര്‍ (ബ്രസീല്‍)  



1954 സ്വിറ്റ്സര്‍ലാന്‍ഡ്  

മൊത്തം ടീമുകള്‍: 16
വിജയികള്‍: പശ്ചിമ ജര്‍മനി  
രണ്ടാം സ്ഥാനക്കാര്‍: ഹംഗറി  
മൂന്നാം സ്ഥാനം: ഓസ്ട്രിയ
നാലാം സ്ഥാനം: ഉറുഗ്വെ  
ആകെ അടിച്ച ഗോളുകള്‍: 140
സുവര്‍ണപാദുകം: സാന്ടോര്‍ കൊക്സിസ് (ഹംഗറി)



1958 സ്വീഡന്‍

മൊത്തം ടീമുകള്‍: 16
വിജയികള്‍: ബ്രസീല്‍  
രണ്ടാം സ്ഥാനക്കാര്‍: സ്വീഡന്‍
മൂന്നാം സ്ഥാനം: ഫ്രാന്‍സ്  
നാലാം സ്ഥാനം: പശ്ചിമ ജര്‍മനി
ആകെ അടിച്ച ഗോളുകള്‍: 126
സുവര്‍ണപാദുകം: ജസ്റ്റ് ഫോന്‍റെയിന്‍ (ഫ്രാന്‍സ്) 




1962 ചിലി

മൊത്തം ടീമുകള്‍: 16
വിജയികള്‍: ബ്രസീല്‍
രണ്ടാം സ്ഥാനക്കാര്‍: ചെക്കോസ്ലോവാക്യ  
മൂന്നാം സ്ഥാനം: ചിലി  
നാലാം സ്ഥാനം: യൂഗോസ്ലാവിയ  
ആകെ അടിച്ച ഗോളുകള്‍: 89
സുവര്‍ണപാദുകം: ഫ്ലോരിയന്‍ ആല്‍ബര്‍ട്ട് (ഹംഗറി), വലെന്റെന്‍ ഇവാനോവ് (സോവിയറ്റ് യൂണിയന്‍), ഡ്രാസ്സെന്‍  ജെര്‍കോവിച് (യൂഗോസ്ലാവിയ), ലിയോണല്‍ സാഞ്ചസ് (ചിലി), വാവ, ഗാരിഞ്ച (ബ്രസീല്‍) 



1966 ഇംഗ്ലണ്ട്

മൊത്തം ടീമുകള്‍: 16
വിജയികള്‍: ഇംഗ്ലണ്ട് 
രണ്ടാം സ്ഥാനക്കാര്‍: പശ്ചിമ ജര്‍മനി
മൂന്നാം സ്ഥാനം: പോര്‍ച്ചുഗല്‍  
നാലാം സ്ഥാനം: സോവിയറ്റ് യൂണിയന്‍
ആകെ അടിച്ച ഗോളുകള്‍: 89
സുവര്‍ണപാദുകം: യൂസേബിയോ (പോര്‍ച്ചുഗല്‍)




1970 മെക്സിക്കോ

മൊത്തം ടീമുകള്‍: 16
വിജയികള്‍: ബ്രസീല്‍  
രണ്ടാം സ്ഥാനക്കാര്‍: ഇറ്റലി  
മൂന്നാം സ്ഥാനം: പശ്ചിമ ജര്‍മനി
നാലാം സ്ഥാനം: ഉറുഗ്വെ ‍
ആകെ അടിച്ച ഗോളുകള്‍: 95
സുവര്‍ണപാദുകം: ജെര്‍ദ്‌ മുള്ളര്‍ (പശ്ചിമ ജര്‍മനി‍)



1974 പശ്ചിമ ജര്‍മനി‍

മൊത്തം ടീമുകള്‍: 16
വിജയികള്‍: പശ്ചിമ ജര്‍മനി
രണ്ടാം സ്ഥാനക്കാര്‍: നെതര്‍ലാണ്ട്സ്
മൂന്നാം സ്ഥാനം: പോളണ്ട്
നാലാം സ്ഥാനം: ബ്രസീല്‍
ആകെ അടിച്ച ഗോളുകള്‍: 97
സുവര്‍ണപാദുകം: ഗെര്സഗോര്സ് ലാറ്റോ (പോളണ്ട്)



1978 അര്‍ജന്റീന


മൊത്തം ടീമുകള്‍: 16
വിജയികള്‍: അര്‍ജന്റീന
രണ്ടാം സ്ഥാനക്കാര്‍: നെതര്‍ലാണ്ട്സ്
മൂന്നാം സ്ഥാനം: ബ്രസീല്‍
നാലാം സ്ഥാനം: ഇറ്റലി  
ആകെ അടിച്ച ഗോളുകള്‍: 102
സുവര്‍ണപാദുകം: മാരിയോ കെമ്പസ് (അര്‍ജന്റീന)



1982 സ്പെയിന്‍

മൊത്തം ടീമുകള്‍: 24
വിജയികള്‍: ഇറ്റലി
രണ്ടാം സ്ഥാനക്കാര്‍: പശ്ചിമ ജര്‍മനി
മൂന്നാം സ്ഥാനം: പോളണ്ട്
നാലാം സ്ഥാനം: ഫ്രാന്‍സ്
ആകെ അടിച്ച ഗോളുകള്‍: 146
സുവര്‍ണപാദുകം: പൌലോ  റോസ്സി (ഇറ്റലി)



1986 മെക്സിക്കോ

മൊത്തം ടീമുകള്‍: 24
വിജയികള്‍: അര്‍ജന്റീന
രണ്ടാം സ്ഥാനക്കാര്‍: പശ്ചിമ ജര്‍മനി
മൂന്നാം സ്ഥാനം: ഫ്രാന്‍സ്
നാലാം സ്ഥാനം: ബെല്‍ജിയം
ആകെ അടിച്ച ഗോളുകള്‍: 132
സുവര്‍ണപാദുകം: ഗാരി ലിനേക്കര്‍ (ഇംഗ്ലണ്ട്)



1990 ഇറ്റലി

മൊത്തം ടീമുകള്‍: 24
വിജയികള്‍: പശ്ചിമ ജര്‍മനി 
രണ്ടാം സ്ഥാനക്കാര്‍: അര്‍ജന്റീന
മൂന്നാം സ്ഥാനം: ഇറ്റലി
നാലാം സ്ഥാനം: ഇംഗ്ലണ്ട്
ആകെ അടിച്ച ഗോളുകള്‍: 115
സുവര്‍ണപാദുകം: സാല്‍വറ്റോര്‍  സ്കില്ലാച്ചി (ഇറ്റലി)



1994 അമേരിക്ക

മൊത്തം ടീമുകള്‍: 24
വിജയികള്‍: ബ്രസീല്‍
രണ്ടാം സ്ഥാനക്കാര്‍: ഇറ്റലി
മൂന്നാം സ്ഥാനം: സ്വീഡന്‍
നാലാം സ്ഥാനം: ബള്‍ഗേറിയ
ആകെ അടിച്ച ഗോളുകള്‍: 141
സുവര്‍ണപാദുകം: ഓലേഗ് സാലെങ്കോ (റഷ്യ), ഹ്രിസ്റ്റോ സ്റ്റൊയിച്കോവ് (ബള്‍ഗേറിയ)



1998 ഫ്രാന്‍സ്


മൊത്തം ടീമുകള്‍: 32
വിജയികള്‍: ഫ്രാന്‍സ്
രണ്ടാം സ്ഥാനക്കാര്‍: ബ്രസീല്‍
മൂന്നാം സ്ഥാനം: ക്രോയേഷ്യ
നാലാം സ്ഥാനം: നെതര്‍ലാണ്ട്സ്
ആകെ അടിച്ച ഗോളുകള്‍: 171
സുവര്‍ണപാദുകം: ഡാവര്‍ സൂക്കര്‍ (ക്രോയേഷ്യ)



2002 ദക്ഷിണകൊറിയ, ജപ്പാന്‍

 

മൊത്തം ടീമുകള്‍: 32
വിജയികള്‍: ബ്രസീല്‍
രണ്ടാം സ്ഥാനക്കാര്‍: ജര്‍മനി
മൂന്നാം സ്ഥാനം: തുര്‍ക്കി
നാലാം സ്ഥാനം: ദക്ഷിണകൊറിയ
ആകെ അടിച്ച ഗോളുകള്‍: 161
സുവര്‍ണപാദുകം: റൊണാള്‍ഡോ (ബ്രസീല്‍)






2006 ജര്‍മനി
മൊത്തം ടീമുകള്‍: 32
വിജയികള്‍: ഇറ്റലി  ‍
രണ്ടാം സ്ഥാനക്കാര്‍: ഫ്രാന്‍സ്
മൂന്നാം സ്ഥാനം: ജര്‍മനി
നാലാം സ്ഥാനം: പോര്‍ച്ചുഗല്‍
ആകെ അടിച്ച ഗോളുകള്‍: 147
സുവര്‍ണപാദുകം: മിറോസ്ലാവ് ക്ലോസ്സെ (ജര്‍മനി)


2010 ദക്ഷിണാഫ്രിക്ക 

മൊത്തം ടീമുകള്‍: 32
വിജയികള്‍: സ്പെയിന്‍  ‍
രണ്ടാം സ്ഥാനക്കാര്‍: നെതര്‍ലാന്‍ഡ്സ്   
മൂന്നാം സ്ഥാനം: ജര്‍മനി
നാലാം സ്ഥാനം: ഉറുഗ്വെ   
ആകെ അടിച്ച ഗോളുകള്‍: 145
സുവര്‍ണപാദുകം: തോമസ്‌ മുള്ളര്‍ (ജര്‍മനി)