ഇന്ത്യയുടെ ഒരു ക്രിക്കറ്റ് മഹാമഹം കൂടി കഴിഞ്ഞുപോയിരിക്കുന്നു. ട്വന്റി 20 ലോകകപ്പില്‍ നിന്നും മാന്യമായി പുറത്തുവന്ന നമ്മുടെ കളിക്കാര്‍ക്ക് അവരര്‍ഹിക്കുന്ന തരത്തിലുള്ള ഒരു വിശ്രമവും കൊടുക്കാതെ, അവരുടെ പോരായ്മകള്‍ മുടിനാരിഴ കീറി പരിശോധിച്ചുകൊണ്ടിരിക്കുന്നു ഓരോ ഭാരതീയനും. ഇത്രമാത്രം കഷ്ടപ്പെട്ട്, വീട്ടുബന്ധങ്ങളില്‍ നിന്നകന്നു രാജ്യത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ പാവം താരങ്ങളെ വെറുതെ വിടാതെ ഈ മാധ്യമങ്ങളും, സര്‍വാധികാരികളും, പൊതുജനമെന്ന എക്കാലത്തെയും കഴുതകളും എന്ത് ഉദ്ദേശിച്ചാണ് ഇറങ്ങിത്തിരിച്ചിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കണം, കട്ടന്‍ചായ കുടിച്ചു അതികഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടണം, കോച്ചുപറയുന്ന എല്ലാ വൃത്തികേടുകളും അക്ഷരംപ്രതി അനുസരിക്കണം; പല്ല് വൃത്തിയാക്കാനോ എന്തിനോന്നു കക്കൂസില്‍ പോകാനോ പോലും പാവം കളിക്കാര്‍ക്ക് സമയം കിട്ടുന്നില്ലെന്ന് പറഞ്ഞാല്‍ ഇവന്മാര്‍ക്കെവിടെ ശ്രദ്ദ. വൈകുന്നേരം പണികഴിഞ്ഞാല്‍ കിട്ടുന്നതോ നക്കാപിച്ച കാശും, കോച്ചിന്റെ ചീത്തവിളിയും. ഈ പരസ്യമുതലാളിമാര്‍ക്കും പാവം കളിക്കാരന്റെ വ്യഥകള്‍ എങ്ങിനെയറിയാന്‍? തുണിയുരിഞ്ഞ്, കഷ്ടപ്പെട്ട് വേണം ഓരോന്നിലും പോസ് ചെയ്യാന്‍. കൂടാതെ വലിയ തലക്കനമുള്ള സുന്ദരികളുടെ കൂടെ നില്‍ക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. എന്നാല്‍ ഇതിനുമാത്രമുള്ള പൈസ കിട്ടുന്നുണ്ടോ? ഈ ഇന്‍കം ടാക്സും മറ്റും കഴിച്ചു ബാക്കി കിട്ടുന്ന അമ്പതോ നൂറോ കോടി രൂപയെന്ന നക്കാപിച്ച പൈസ കൊണ്ട് കഷ്ടി കഴിഞ്ഞുകൂടുന്നെന്നു മാത്രം. ഇത്രയും കാലം കഷ്ടപ്പെട്ട് സമ്പാദിച്ച പൈസകൊണ്ട് വാങ്ങിയ അഞ്ചോ-പത്തോ ഫോറിന്‍ കാറുകള്‍ക്ക് ചെലവാക്കിയ ടാക്സ് ഇനത്തിലും പെട്രോള്‍ ഇനത്തിലും സംഭവിച്ച നഷ്ടം ആരുനികത്തും? പിന്നെ, മറ്റു രാജ്യങ്ങളില്‍ നിന്നും ആരെങ്കിലും ഏതെങ്കിലും ചെറിയ സമ്മാനങ്ങള്‍ തന്നാല്‍, മനസ്സലിവുള്ള പാവം അധികാരികള്‍ ടാക്സ് ഇളവനുവദിച്ചാല്‍ അത് കുത്തിപ്പോക്കനായിരിക്കും ചിലരുടെ ശ്രമം. ഇന്ത്യയിലെ റോഡുകള്‍ ആണെങ്കില്‍ ഒന്നിനും കൊള്ളാത്തവയും. കൂടാതെ ഈ കണ്ണില്‍ ചോരയില്ലാത്ത പോലീസും. എല്ലാംകൂടി നോക്കിയാല്‍ ഈ താരമെന്ന ജോലി മഹാ കടുപ്പം തന്നെ. കൂടാതെ ഇന്ത്യക്ക് വേണ്ടി കളിക്കുംപോഴുള്ള ടെന്‍ഷന്‍ വേറെയും. എപ്പോഴും മുള്‍മുനയില്‍ നിന്നുള്ള ഈ ജീവിതം മടുത്തുതുടങ്ങിയാല്‍ താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയുമോ? പിന്നെ ഇന്ത്യയിലെ മാന്യ പ്രേക്ഷകര്‍ അറിവുള്ളതായതുകൊണ്ട് അടുത്ത ഒന്നോരണ്ടോ കളി ജയിച്ചാല്‍ ഇപ്പോള്‍ പറയുന്നവര്‍ മാറ്റി പറയുമെന്നുറപ്പുള്ളത് മാത്രമാണ് ഈ പാവം താരങ്ങളുടെ ഒരു സമാധാനം. അതിനു പിന്നാലെ ഈ മാധ്യമങ്ങളും പൊയ്ക്കോളും. പിന്നെയെല്ലാം പതിവുപോലെ. ക്രിക്കറ്റ് കളിക്കാരന്‍ തന്നെ താരം.
ഓര്‍മ്മകള്‍ ഏകദേശം ഇരുപത്തിയേഴു വര്‍ഷത്തോളം പുറകോട്ടു സഞ്ചരിക്കുമ്പോള്‍ ഓര്‍മവരുന്നത്, അന്നത്തെ ചുരുക്കം ചില യുവാക്കള്‍, പ്രത്യേകിച്ചും പഠിക്കുന്ന കുട്ടികള്‍, വളരെ കഷ്ടപ്പെട്ട് വാങ്ങിച്ച ഒരു ബാറ്റും (ചിലപ്പോള്‍ അത് സ്വന്തമായി ഉണ്ടാക്കിയതാകം), അന്നത്തെ കോര്‍ക്ക് ബോളും, കഷ്ടപ്പെട്ട് ചെത്തിയുണ്ടാക്കിയ സ്റ്റമ്പുമായി പോകുമ്പോള്‍, കളിയാക്കാന്‍ വേണ്ടി മാത്രമായി ഒരു സീനിയര്‍ വിഭാഗമുണ്ടാവും. ക്രിക്കറ്റിനെപ്പറ്റി ലവലേശം പോലുമറിയാത്ത (ബൌണ്ടറിയടിച്ച്ചാല്‍ ഗോള്‍ എന്നലറി വിളിക്കുന്ന സുകുമാരിയുടെ കഥാപാത്രമാണ്. ഇതാലോചിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത്) അവരെപ്പോലുള്ള ആളുകളാണ് ഇന്നത്തെ പ്രേക്ഷകരിലധികവും എന്നത് മനംമടുപ്പിക്കുന്നു. ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയാത്ത ഇവര്‍ക്കൊക്കെ ഇന്ന് ഈ കളി കാണുന്നത് ഒരു ഫാഷന്‍ ആയി മാറിയിരിക്കുന്നു. അതിനുകൂടെ മറ്റുകുടുംബാംഗങ്ങള്‍ കൂടിയിരിക്കുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. വിശേഷദിവസങ്ങളില്‍, ബസ് സ്റ്റോപ്പുകളില്‍, ബസ്സില്‍, പൊതുജനമധ്യത്തില്‍, വീടുകളില്‍, എല്ലാം ക്രിക്കറ്റ് തന്നെ സംസാരവിഷയം. കായികരംഗത്ത് ക്രിക്കറ്റിന്റെ അതിപ്രസരം. എല്ലാവര്‍ക്കും താരമാകണം, ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടണം. ഒരു ശ്രീശാന്ത് ആകണം. കൂടെ ഫോട്ടോക്ക് പോസ് ചെയ്യണം. താരമായിക്കഴിഞ്ഞാല്‍, ആദ്യം സ്വന്തം പേര് (അച്ഛനെ) മാറ്റണം, കോച്ചിനെയും മറ്റു കളിക്കാരെയും വീട്ടില്‍ വിളിച്ചുവരുത്തി സല്ക്കരിക്കണം, മൈദാനത്ത് ആരെയെങ്കിലും ചീത്ത വിളിക്കണം, തിരിച്ചൊന്നു കിട്ടിയാല്‍ കരയണം - ഇതെല്ലാമാണ് ചെറിയ അഭിലാഷങ്ങള്‍. ഒരു കായികവിനോദത്തിനെ കുറിച്ചും ഒന്നുമറിയാത്ത മാതാപിതാക്കള്‍ ക്രിക്കറ്റിനെ കുറിച്ചു വാതോരാതെ സംസാരിക്കുകയും അതില്പരം മറ്റൊരു ജീവിതവുമില്ലെന്നും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ക്രിക്കറ്റ് ഇപ്പോള്‍ ഒരു സ്റ്റാറ്റസ് ആണ്. അത് കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നു, കുടുംബം ഏറ്റെടുത്തിരിക്കുന്നു, സമൂഹം ഏറ്റെടുത്തിരിക്കുന്നു, രാജ്യം തന്നെ ഏറ്റെടുത്തിരിക്കുന്നു. ക്രിക്കറ്റിനെപറ്റി അറിഞ്ഞില്ലെങ്കില്‍ എന്തോ മഹാപരാധമാനെന്നും പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഭൂരിപക്ഷം ആളുകളും വിചാരിക്കുന്നു.
കേരളം ഒരിക്കലും ക്രിക്കറ്റിനു ഫലപൂയിഷ്ടമായ ഒരു മണ്ണ് ആയിരുന്നില്ല. കൂടാതെ, മറ്റു ലോബികള്‍ നമ്മുടെ ക്രിക്കറ്റ്താരങ്ങളെ തഴയുന്നതായാണ് കാലാകാലങ്ങളായി കണ്ടുവരുന്നത് (ഭാസ്കര്‍ പിള്ള, അനന്തപത്മനാഭന്‍, ജയറാം തുടങ്ങിയവര്‍ ചെറിയ ഉദാഹരണങ്ങള്‍ മാത്രം). എന്നാല്‍ മറ്റു കായിക മേഖലകളില്‍ (അന്തര്‍ദേശീയ രംഗങ്ങളില്‍ പോലും) നമ്മള്‍ ഒരു വലിയ ശക്തിയായി ഇന്നും നിലനില്‍ക്കുന്നു. അതലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, തുടങ്ങിയ കായിക വിനോദങ്ങളില്‍ നമുക്ക് മഹത്തായ ഒത്തിരി താരങ്ങളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും കൊടുക്കാത്ത ഒരു പരിഗണന, പണത്തെയും, സ്റ്റാറ്റസിനെയും, പോങ്ങച്ചത്തെയും കരുതി മാത്രം ഈക്രിക്കറ്റ് അഹംഭാവികള്‍ക്ക് കൊടുക്കുന്നു. ഇതെല്ലാം മറ്റു കായിക താരങ്ങളെ അവഹേളിക്കുന്നതിനും അവരെ ഇതില്‍നിന്നും അകറ്റുന്നതിനും മാത്രമേ ഉപകരിക്കൂ. നമ്മുടെ കായിക ഭാരവാഹികളും, സംസ്ഥാന സര്‍ക്കാരും, കൂടാതെ പൊതുജനമെന്ന കഴുതകളും ഇക്കാര്യത്തില്‍ ഒരേപോലെ പങ്കാളികളാണ്. നമ്മള്‍ നമ്മുടെ ശക്തിയെ തിരിച്ചറിയുകയും, ക്രിക്കറ്റ് എന്ന വിനോദത്തെ അപ്രധാനമായ ഒരു വിഭാഗത്തില്‍ പെടുത്തുകയും വേണം. അതല്ലെങ്കില്‍, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിന്റെ സ്ഥാനം ഒരു വട്ടപൂജ്യം മാത്രമാകും.
ഇന്ത്യയില്‍ മൊത്തം മറ്റു കായികവിനോദങ്ങളുടെ സ്ഥിതി നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. ദേശീയ വിനോദമായ ഹോക്കിയുടെ സ്ഥിതിയെന്താണ്? സാമാന്യം വലിയ ശക്തിയ വോളിബോളിന്റെ അവസ്ഥയെന്ത്? അതലറ്റിക്സ് എവിടെ നില്‍ക്കുന്നു? ടെന്നീസ് എവിടെ? ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് തുടങ്ങിയ മേഖലകളില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു? ഒരു കൂട്ടം കോമാളികളുടെ കൈകളില്‍ നമ്മുടെ കായിക സംസ്കാരം അധ:പതിച്ചിരിക്കുന്നു. എക്കാലവും നമ്മുടെ അഭിമാനായ പി.ടി.ഉഷയുടെ വാക്കുകള്‍ കടമെടുത്താല്‍, ഈ ക്രിക്കറ്റും, ഐ.പി.എല്‍.ഉം നമ്മളെ നശിപ്പിക്കും. പണക്കൊഴുപ്പ് കണ്ടു കണ്ണ് മഞ്ഞളിച്ച ഒരു കൂട്ടം തെമ്മാടികളും, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും, എല്ലാത്തിനും പുറമേ മാധ്യമ പടകളും ഭാരതത്തിന്റെ കായിക സംകാരത്തിന്റെ തകര്‍ച്ചക്ക് ഒരേപോലെ സംഭാവന നല്‍കുന്നു.
